സുനില്‍ പി. ഇളയിടം: സത്നാം സിങ്ങ്, ഗ്രുണ്‍ഡ്രിസ്സെ, സ്വാശ്രയവിദ്യാഭ്യാസം, മലയാളം സര്‍വകലാശാല

സത്നാം സിങ്ങും മലയാള മാധ്യമങ്ങളും

സത്നാം സിങ്ങിന്റെ കൊലപാതകം കേരളീയ പൊതുസമൂഹത്തെയോ മലയാള മാധ്യമങ്ങളെയോ കാര്യമായി അലോസരപ്പെടുത്തിയില്ല. അധ്യാത്മീയത്തിന്റെ വിളികേട്ട് പുറപ്പെട്ട് അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിപ്പെട്ട ആ യുവാവ്, ഏതോ വിഭ്രാമക നിമിഷത്തില്‍ അതിരുകവിഞ്ഞ് ഒച്ചയുണ്ടാക്കി ഓടിയടുത്തതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയും മനോരോഗ ചികിത്സാകേന്ദ്രത്തില്‍ അടയ്ക്കപ്പെടുകയും പിന്നാലെ കൊല ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. മനോരോഗാശുപത്രിയിലെ ചില രോഗികളുടെ മനോനില പരിശോധിക്കലും മറ്റുമായി ആ കേസ് പതിയെപ്പതിയെ ഇഴയുന്നു. വൈകാതെ തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്ത എണ്ണമറ്റ കൊലപാതകക്കേസ്സുകളിലൊന്നായി അത് ക്രമേണ വിസ്മൃതിയിലാകും.

ആധ്യാത്മികതയുടെ സ്വയം പ്രഖ്യാപിത ലോകങ്ങള്‍ അരുതായ്മയുടെ താവളങ്ങളായിത്തീരുന്നതിന്റെ മറ്റൊരുദാഹരണം കൂടി ചരിത്രത്തില്‍ പൊടി മൂടിക്കിടക്കും. സത്നാംസിങ്ങിന്റെ കൊലപാതകത്തെക്കുറിച്ച് സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം നാം നിരന്തരം മറച്ചുവയ്ക്കുന്ന അലോസരമുളവാക്കുന്ന, വസ്തുതകള്‍ തുറന്നു പറയുന്നുണ്ട്. പൊലീസിനും അവിടെനിന്ന് മനോരോഗ ചികിത്സാലയത്തിനും കൈമാറുന്നതിന് മുന്‍പ് സത്നാം സിങ് അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നു എന്നതാണ് അതിലൊന്ന്. പിന്നീടുണ്ടായ അന്വേഷണങ്ങളിലൊന്നും ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കൊല്ലം ജില്ലാ ജയിലിനെയും തിരുവനന്തപുരം മനോരോഗാശുപത്രിയെയും മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ പോക്ക്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തുംമുന്‍പ് സത്നാംസിങ് തങ്ങിയിരുന്നത് വര്‍ക്കലയില്‍ മുനിനാരായണ പ്രസാദിനൊപ്പമായിരുന്നു. അവിടുത്തെ സര്‍വമത പ്രാര്‍ഥനയില്‍നിന്ന് അയാള്‍ പഠിച്ച "ബിസ്മില്ലാഹി റഹ്മാനി റഹിം" എന്ന സൂക്തം ഉറക്കെ ചൊല്ലിയതിനാണ് അയാള്‍ ഭീകരനായി ചിത്രീകരിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതും. സക്കറിയ പറയുന്നതുപോലെ "ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടൂ" എന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, നമ്മുടെ കണ്‍മുമ്പില്‍തന്നെ ഒരു തെളിവ് കൂടി ഉണ്ടായിരിക്കുന്നു.

എങ്കിലും ഇതൊന്നും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു പ്രശ്നമായില്ല. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കടന്നുകയറി ബഹളമുണ്ടാക്കാന്‍ ശ്രമിച്ച ഒരു മനോരോഗിയുടെ കഥയായി ഈ കൊലപാതകത്തെ തമസ്കരിക്കുന്നതില്‍ മലയാള മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ അണിനിരന്നു. അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. വാസ്തവത്തില്‍ മതാധികാരം വിമര്‍ശനാതീതമായി പദവി കൈയാളുന്ന, അങ്ങേയറ്റം അസ്വാസ്ഥ്യജനകമായ സ്ഥിതിവിശേഷത്തിലേക്കാണ് കേരളം പതിയെപ്പതിയെ എത്തിപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തകരും വിമര്‍ശനവിധേയമാകുന്ന അതേ അനുപാതത്തില്‍ തന്നെ ആള്‍ദൈവങ്ങള്‍ മുതല്‍ മതജീവിതവും മതാധികാരവും വരെയുള്ള ലോകങ്ങള്‍ എല്ലാത്തരം വിമര്‍ശനങ്ങളില്‍നിന്നും ഒഴിച്ചുനിര്‍ത്തപ്പെടുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി കേരളത്തില്‍ ഏറ്റവുമധികം വിദേശപ്പണം വന്ന് കുമിയുന്നത് മതസ്ഥാപനങ്ങളിലാണ് എന്നത് നമ്മുടെ പൊതുബോധത്തെ അസ്വസ്ഥമാക്കുന്നില്ല. ക്രൈസ്തവ വിദ്യാര്‍ഥികള്‍ ക്രൈസ്തവ വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണം എന്ന് ആഹ്വാനംചെയ്ത പുരോഹിത പ്രമുഖന്റെ ആദരണീയതയ്ക്ക് കുറവൊന്നും വന്നിട്ടില്ല! ആധുനിക സമൂഹമെന്ന നിലയില്‍ കേരളം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച മൂല്യങ്ങളാണിവിടെ അപഹസിക്കപ്പെട്ടത് എന്നതില്‍ ആരും വ്യാകുലചിത്തരായതുമില്ല. പ്രവാചകന്റെ കത്താത്ത മുടിയും അതിന്റെ പേരിലുള്ള ധനസമാഹരണങ്ങളും മലയാള മാധ്യമങ്ങളുടെയോ പൊതുസമൂഹത്തിന്റെയോ വിമര്‍ശനാവബോധത്തെ സ്പര്‍ശിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തെ കൗതുകവാര്‍ത്തകളില്‍ മേല്‍പറഞ്ഞ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതിനു പിന്നില്‍ ആഴത്തില്‍ വേരോടിപ്പടര്‍ന്ന മതാന്ധതയുടെ ലോകം ഒരു വെല്ലുവിളിയേയും അഭിമുഖീകരിക്കാതെ പഴയതുപോലെ, ഒരു പക്ഷേ പഴയതിനേക്കാള്‍ പ്രബലമായി തുടരുകയും ചെയ്യുന്നു. അതുകൊണ്ട്, മൗനത്തില്‍ അമര്‍ച്ച ചെയ്യപ്പെട്ട സത്നാം സിങ്ങിന്റെ കൊലപാതകം വലിയൊരു വിപത്തിന്റെ അടയാളവാക്യമാണ്.

പണ്ട്, പാഞ്ഞാളില്‍ അതിരാത്രത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ "പാഞ്ഞാള്‍പ്പാടത്തെ കശാപ്പുശാല" എന്ന തലക്കെട്ടിലാണ് വി ടി ഭട്ടതിരിപ്പാട് അതിനെതിരെ എഴുതിയത്. ഇപ്പോഴാകട്ടെ മിക്കവാറും എല്ലാ പഞ്ചായത്തിലും എല്ലാ വര്‍ഷവും എന്തെങ്കിലുമൊരു യാഗം നടക്കുന്നുണ്ട്. ഒരു വാക്കുപോലും അതിനെതിരെ എവിടെയും ഉയരാറില്ല. ആ മൗനത്തിന്റെ തുടര്‍ച്ചയാണ് സത്നാം സിങ്ങിന്റെ കൊലയ്ക്കുശേഷവും അവശേഷിക്കുന്നത് എന്ന കാര്യം നാം എപ്പോഴെങ്കിലും തിരിച്ചറിയേണ്ടിവരും.

സ്വാശ്രയവിദ്യാഭ്യാസത്തിന്റെ അര്‍ഥാന്തരങ്ങള്‍

തോറ്റുതൊപ്പിയിടുന്ന എന്‍ജിനിയറിങ് കോളേജുകളെക്കുറിച്ച് ആര്‍ വി ജി മേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം ഈ വിഷയത്തെക്കുറിച്ച് സമീപകാലത്ത് പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ പഠനമായിരുന്നു. നിശ്ചിത വിജയശതമാനമില്ലാത്ത എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആര്‍ വിജിയുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള അത്യന്തം സൂക്ഷ്മമായ അവബോധവും സാമൂഹിക ജാഗ്രതയും ഒത്തിണങ്ങി നില്‍ക്കുന്ന ഒന്നായിരുന്നു ആ പഠനം. എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ വലിയ ഉത്ക്കണ്ഠ പുലര്‍ത്തുന്ന കോടതിയില്‍നിന്നുതന്നെയാണ്, സ്വാശ്രയക്കച്ചവടത്തെ നിയന്ത്രിക്കാനുള്ള മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിരന്തരം വിധികളുണ്ടായത്. ഇപ്പോഴത്തെ സാമൂഹിക ജാഗ്രത അന്നത്തെ ഉത്തരവുകളിലും ഉണ്ടായിരുന്നുവെങ്കില്‍, കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയകച്ചവട സ്ഥാപനങ്ങളില്‍ കുറെപ്പേരുടെ ഭാവിയും ജീവിതവും പാഴായിപ്പോകുന്നത് തടയാനാകുമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിലെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു എങ്കിലും അതിന്റെ വൈജ്ഞാനിക രാഷ്ട്രീയം ഇവിടെ കാര്യമായി വിശകലനം ചെയ്യപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വാശ്രയസ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണവും അതിന്റെ സാമൂഹ്യനീതി നിഷേധവും മറ്റുമാണ് നമ്മുടെ ചര്‍ച്ചകളില്‍ പ്രാധാന്യം കൈവരിച്ചത്. ഇക്കാര്യങ്ങള്‍ പ്രസക്തമാണെന്നതില്‍ യാതൊരു സംശയവുമില്ല. നിയോ ലിബറല്‍ മൂലധനതാല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന വൈജ്ഞാനികതയുടേയും ലോകബോധത്തിന്റെയും നിര്‍മാണം സ്വാശ്രയ വിദ്യാഭ്യാസം വഴി എങ്ങനെ ഫലപ്രദമായി നിറവേറുന്നു എന്ന കാര്യവും അത്രതന്നെ പ്രധാനമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് ഉന്നതവിദ്യാഭ്യാസത്തിന്റെയും അതുവഴി രൂപപ്പെട്ടുവരുന്ന സാമൂഹ്യാവബോധത്തിന്റെയും ഉള്ളടക്കത്തില്‍ സ്വാശ്രയവിദ്യാഭ്യാസം നടത്തിയ അട്ടിമറികള്‍ എത്രത്തോളം വിനാശകരമായിരുന്നു എന്ന കാര്യം പരിശോധിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. അത് പുത്തന്‍ മൂലധനതാല്‍പര്യങ്ങളെ എങ്ങനെയെല്ലാം സ്വാംശീകരിച്ചിരിക്കുന്നു എന്നതും. സ്വാശ്രയ വിദ്യാഭ്യാസം വിജ്ഞാനത്തെ വിവരകേന്ദ്രിതവും പ്രയോഗ വൈഭവത്തില്‍ അധിഷ്ഠിതവുമായ ഒന്നാക്കിത്തീര്‍ത്തു എന്നതാണ് ഈ പ്രശ്നത്തിന്റെ കാതല്‍. വിവരം (information) വ്യാഖ്യാനം (interpretation) വിമര്‍ശം (critique) എന്നീ ജ്ഞാനവിതാനങ്ങളില്‍ വ്യാഖ്യാനാത്മകവും വിമര്‍ശനാത്മകവുമായ ജ്ഞാനമണ്ഡലങ്ങളുടെ നിരാകരണമാണ് സ്വാശ്രയ വിദ്യാഭ്യാസം വഴി അരങ്ങേറിയത്.

അറിവിനെ തൊഴില്‍ പരിശീലനമോ മാനേജീരിയല്‍ വൈദഗ്ധ്യമോ ആയി ചുരുക്കിക്കെട്ടുന്നതില്‍ അത് വലിയ വിജയം കൈവരിച്ചു. ഇതിന്റെ ഫലമായി ഒരു ഭാഗത്ത് സാമൂഹ്യശാസ്ത്രവും ഭാഷാ-മാനവിക വിഷയങ്ങളും ഒഴിച്ചുനിര്‍ത്തപ്പെട്ടെങ്കില്‍ മറുഭാഗത്ത് ശാസ്ത്രപഠനവും ഇല്ലാതായി. സൈദ്ധാന്തികശാസ്ത്രം മിക്കവാറും ഇല്ലാതാവുകയും ശാസ്ത്രപഠനം സാങ്കേതിക വിദ്യാ പരിശീലനമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസവും ഉന്നതവിജ്ഞാനവും വിമര്‍ശനാത്മകമാവില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ നടന്നത്. വിവരവും വ്യാഖ്യാനവും തമ്മിലുള്ള മൗലികമായ വ്യത്യാസം വിവരം നിസ്സംഗമായ സ്വീകരണമാണ് (passive reception) ആവശ്യപ്പെടുന്നതെങ്കില്‍ വ്യാഖ്യാനം സജീവമായ പങ്കാളിത്തം (creative engagement) ആവശ്യപ്പെടുന്നു എന്നതാണ്. കൈവന്ന വിവരങ്ങള്‍ കൊണ്ട് ഒരു സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നതാണ് വ്യാഖ്യാനവൃത്തി. വ്യാഖ്യാതാവിന്റെ നിലപാടിനും ലോകബോധത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. വിവരത്തിലാകട്ടെ ഈ നിലപാട് അനാവശ്യവും അപ്രസക്തവുമാണ്. ഒരു ഭാഗത്ത് വിവരത്തിലേക്കും മറുഭാഗത്ത് തൊഴില്‍ പരിശീലനത്തിലേക്കും ശ്രദ്ധയൂന്നുന്ന വിദ്യാഭ്യാസം അധ്യേതാക്കളെ വിമര്‍ശനാത്മകബോധമില്ലാത്ത "വിദഗ്ധരാ"ക്കിയാണ് വളര്‍ത്തിയെടുക്കുക. പുത്തന്‍ മൂലധനത്തിനുവേണ്ടതും ഇത്തരം "വിദഗ്ധരെ"യാണ്. സ്വാശ്രയവിദ്യാഭ്യാസം ഈ വൈദഗ്ധ്യ നിര്‍മാണത്തിന്റെ പരിശീലനക്കളരിയാണ്. അതിന്റെ ഫലങ്ങള്‍, വാസ്തവത്തില്‍ നാം അനുഭവിച്ചു തുടങ്ങുന്നതേ ഉള്ളൂ.

മലയാളം സര്‍വകലാശാല

കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല നിലവില്‍ വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ളതാണെങ്കിലും ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന സ്ഥിതി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടാവുമോ?

മലയാളം സര്‍വകലാശാല വിഭാവനം ചെയ്യപ്പെട്ട രീതിയെ മുന്‍നിര്‍ത്തി ശ്രദ്ധേയമായ ഒരു ലേഖനം പ്രൊഫ. എസ് രാജശേഖരന്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയിരുന്നു. "തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല" എന്ന പേരു മുതല്‍ക്കുള്ള കാര്യങ്ങളില്‍ പഠനറിപ്പോര്‍ട്ട് പുലര്‍ത്തുന്ന ഇടുങ്ങിയ വീക്ഷണം ആ ലേഖനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാതൃഭാഷയ്ക്കുവേണ്ടി ഉണ്ടാകുന്ന സര്‍വകലാശാല എങ്ങനെയായിക്കൂടാ എന്നതിന്റെ ഉദാഹരണമാകാന്‍ പോന്ന വിധത്തിലാവുമോ മലയാളം സര്‍വകലാശാല നടപ്പിലാവുകയെന്ന് സംശയിക്കേണ്ട സ്ഥിതിയാണ് റിപ്പോര്‍ട്ട് അവശേഷിപ്പിക്കുന്നത് എന്ന വസ്തുത ആ ലേഖനം വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു ഭാഷയെന്ന നിലയില്‍ മലയാളം നേരിടുന്ന വെല്ലുവിളി വൈജ്ഞാനികതയുടെ അഭാവമാണ്. വ്യത്യസ്ത ജ്ഞാനമേഖലകള്‍ക്കും അവയുടെ പ്രവൃത്തിലോകങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല ഇപ്പോള്‍ മലയാള ഭാഷ. മലയാളത്തില്‍ എക്കാലത്തുമുള്ള പരാധീനതയാണിതെന്ന് പറഞ്ഞുകൂടാ. കൗടലിയത്തിന്റെ ഏറ്റവും ബൃഹത്തായ പരിഭാഷയ്ക്ക് ആറേഴു നൂറ്റാണ്ട് മുന്‍പ് ജന്മം നല്‍കാന്‍ കഴിഞ്ഞ ഭാഷയാണ് മലയാളം എന്നോര്‍ക്കണം. ഇന്ത്യന്‍ ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു പരിഭാഷ കൗടലിയത്തിന് ഉണ്ടായിട്ടില്ല. എങ്കിലും മലയാളഭാഷയില്‍ ഇന്ന് ഒരു രാഷ്ട്രമീമാംസാ പ്രബന്ധവും എഴുതപ്പെടുന്നില്ല. രാഷ്ട്രമീമാംസ എന്നല്ല, തത്വചിന്ത മുതല്‍ പുരാവിജ്ഞാനം വരെയും ഗണിതം മുതല്‍ നിയമം വരെയുമുള്ള എല്ലാത്തരം സമകാലിക ജ്ഞാനവ്യവഹാരങ്ങളും മലയാളത്തിന് പുറത്താണ്. അവയ്ക്കുതകുന്ന പദകോശമോ, ആ പദകോശത്തിന് നിലകൊള്ളാന്‍ കഴിയുന്ന വ്യവഹാര മണ്ഡലങ്ങളോ വര്‍ത്തമാന മലയാളത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. സാഹിത്യവും കക്ഷിതല രാഷ്ട്രീയ വിചാരങ്ങളും ദൈനംദിന ജീവിതനിര്‍വഹണവും മാത്രം അരങ്ങേറുന്ന ഒന്നായി മലയാളം ചുരുങ്ങി വരികയാണ്.

ഈ അടിസ്ഥാന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയെന്നതാണ് മലയാളം സര്‍വകലാശാലയുടെ മൗലികമായ ദൗത്യവും ഉത്തരവാദിത്തവും. അല്ലാതെ കേരളത്തിലെ അഞ്ച് സര്‍വകലാശാലകളും നൂറുകണക്കിന് കോളേജുകളിലും നടന്നുവരുന്ന കോഴ്സുകള്‍ കുറെക്കൂടി ശകലീകൃതമായ നിലയില്‍ ആവര്‍ത്തിക്കുകയല്ല. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ മാത്രമായി നിലവില്‍ വരുന്ന സര്‍വകലാശാലകൊണ്ട് മലയാളത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകാനിടയില്ല; കുറെപ്പേര്‍ക്ക് പുതിയ പദവികളും ലാവണങ്ങളും കൈവരും എന്നതല്ലാതെ കവിതയ്ക്കും നോവലിനും നാടകത്തിനുമെല്ലാം എംഎ കോഴ്സുകള്‍ നടത്തി മലയാളത്തെ ശക്തിപ്പെടുത്താന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാണ്. മലയാളപഠനം നവീകരിക്കപ്പെടേണ്ടത് ഈ വഴിയിലല്ല. ലോകമെമ്പാടും സാഹിത്യപഠനം വഴിതിരിയുന്നത് ഈ നിലയ്ക്കല്ലതാനും. പ്രൊഫ. രാജശേഖരന്റെ ലേഖനം ഇക്കാര്യങ്ങളിലേക്ക് അര്‍ഥവത്തായ നിലയില്‍ വിരല്‍ചൂണ്ടുന്നുണ്ട്.

ദൈനംദിന ജീവിതാവശ്യങ്ങളുടെ നിര്‍വഹണോപാധി മാത്രമാണ് ഭാഷ എന്ന പ്രയോഗവാദപരമായ യുക്തിയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ ആസൂത്രണത്തെ കുറെക്കാലമായി നയിച്ചുപോരുന്നത്. സാഹിത്യവും തത്വചിന്തയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അപ്രസക്തമാണ് എന്ന നിലപാട് ഇതിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവരികയും ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയൊരളവോളം നടപ്പിലാക്കപ്പെടുകയും ചെയ്തു. ഇതിന്റെ മുറപുറമാണ് ഭാഷയെ സാഹിത്യം മാത്രമായി ചുരുക്കിയെഴുതുന്ന രീതി. ആദ്യത്തേത് ഭാഷയെ ഉപകരണവാദപരമായി പരിഗണിക്കുന്ന യാന്ത്രികവാദമാണെങ്കില്‍, രണ്ടാമത്തേത് ഭാഷയെ സൗന്ദര്യാത്മകമായി മാത്രം വിലയിരുത്തുന്ന കേവലവാദമാണ്. ഭാഷാജീവിതത്തെ സമഗ്രമായി പരിഗണിക്കുന്നതില്‍ ഇരുനിലപാടുകളും പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. ഭാഷയെ സംബന്ധിച്ചുള്ള ഉപകരണവാദത്തിന്റെ പിടിമുറുക്കമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ളതെങ്കില്‍ മറുപുറത്തേക്കുള്ള പോക്കാണ് മലയാളം സര്‍വകലാശാലയുടെ നയരേഖയില്‍ കാണുന്നത്. ഇത് ഭാഷയെ എവിടെയും എത്തിക്കില്ല എന്നറിയാന്‍ പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ല.

ഗ്രുണ്‍ഡ്രിസ്സെ (Grundrisse)

ചരിത്രം നമ്മെ ഒരു പാഠവും പഠിപ്പിക്കുന്നില്ല എന്നുവരുന്നത് സങ്കടകരമാണ്. ഗ്രുണ്‍ഡ്രിസ്സെയും മാര്‍ക്സിസ്റ്റ് ചിന്താലോകവും മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെയും ധൈഷണിക ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള കൃതികളിലൊന്നാണ് ഗ്രുണ്‍ഡ്രിസ്സെ (Grundrisse) എന്ന പേരില്‍ അറിയപ്പെടുന്ന പഠനക്കുറിപ്പുകള്‍. 1857-58 കാലയളവില്‍ മൂലധനത്തിനുവേണ്ടിയുള്ള പഠനത്തില്‍ മുഴുകിയിരിക്കുന്ന കാലത്ത്, തന്റെതന്നെ വ്യക്തതയ്ക്കുവേണ്ടി മാര്‍ക്സ് തയാറാക്കിയ കുറിപ്പുകളാണ് പില്‍ക്കാലത്ത് ഈ പേരില്‍ പുറത്തുവന്നത്. {Grundrisse (outlines)} എന്ന ഈ ഗ്രന്ഥനാമവും എഡിറ്റര്‍മാര്‍ നല്‍കിയതാണ്. വിപ്ലവമുന്നേറ്റത്തിന്റെയും സാമ്പത്തികക്കുഴപ്പത്തിന്റെയും പുതിയ സന്ദര്‍ഭം സമാഗതമായിരിക്കുന്നു എന്ന അടിയന്തരപ്രേരണയാലാണ് തന്റെ പഠനപദ്ധതിയുടെ രൂപരേഖയെന്ന നിലയില്‍ മാര്‍ക്സ് ഇത് എഴുതിത്തയ്യാറാക്കിയത്. ചെറിയ അക്ഷരത്തില്‍ ഏകദേശം 800-900 അച്ചടിച്ച പേജുകള്‍ വരുന്നതാണ് ഈ കുറിപ്പുകള്‍. മാര്‍ക്സ് എഴുതാന്‍ ഉദ്ദേശിച്ചിരുന്ന ഗ്രന്ഥപരമ്പരയെക്കുറിച്ച് മനസ്സിലാക്കിയാല്‍ 900 പുറംവരുന്ന പഠനക്കുറിപ്പ് എന്നതില്‍ അതിശയം തോന്നാനിടയില്ലെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ് പണ്ഡിതനായ ഡേവിഡ് മക്മെല്ലന്‍ എഴുതുന്നുണ്ട്.

ആറു ഭാഗങ്ങളായി വിഭാവനം ചെയ്യപ്പെട്ട ആ ഗ്രന്ഥപരമ്പരയില്‍ ഒരുഭാഗം മാത്രമായാണ് മൂലധനം സങ്കല്‍പ്പിക്കപ്പെട്ടിരുന്നത്. രണ്ട് പതിറ്റാണ്ടുകളിലെ അക്ഷീണപരിശ്രമം കൊണ്ട് തയാറാക്കിയ മൂലധനത്തിന്റെ ഒന്നാം വാല്യം കാര്യമായ ഒരു ചലനവും ഉളവാക്കാത്തതുകൊണ്ടാവണം, 1867 നുശേഷം മാര്‍ക്സ് ഈ പഠനപദ്ധതി തുടരുകയുണ്ടായില്ല. ഇതെന്നല്ല, മൂലധനത്തിന്റെ തന്നെ പില്ക്കാലഭാഗങ്ങള്‍പോലും അദ്ദേഹം പ്രസിദ്ധീകരിച്ചുമില്ല. ("Scientific attempts to revolutionise a science can not be popular" എന്ന് മാര്‍ക്സ് എഴുതുന്നത് ഇതിന്റെ കൂടി പശ്ചാത്തലത്തിലാവണം). ഗ്രൂണ്‍ഡ്രിസ്സെ എന്ന പേരില്‍ ഈ പഠനക്കുറിപ്പുകള്‍ പുറത്തുവന്നത് 1941ല്‍ ആണ്. 1973ല്‍ ഇംഗ്ലീഷ് വിവര്‍ത്തനവും വന്നു. അങ്ങനെ എഴുതപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും മാര്‍ക്സിസ്റ്റ് ചിന്തയിലെന്നല്ല, ലോകചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായി ഇത് പരിഗണിക്കപ്പെട്ടു വരുന്നുണ്ട്. മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥത്തിന് നിര്‍ണായക സ്ഥാനമുള്ളതായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നു. ആദ്യകാലത്തെ തത്വചിന്തകനായ മാര്‍ക്സിനെയും പില്‍ക്കാലത്തെ സാമ്പത്തിക ചിന്തകനായ മാര്‍ക്സിനെയും കൂട്ടിയിണക്കുന്ന ധൈഷണിക സ്ഥാനമായി ഇത് പരിഗണിക്കപ്പെട്ടു വരുന്നു എന്നതാണ് ഈ പ്രാധാന്യത്തിന്റെ ആദ്യത്തെ കാരണം. മൂലധനത്തേക്കാള്‍ എത്രയോ വിപുലമായ ഒരു പരിപ്രേക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് മാര്‍ക്സ് ഗ്രൂണ്‍ഡ്രിസ്സെ തയാറാക്കിയിരിക്കുന്നത് എന്നതാണ് രണ്ടാമത്തെ കാരണം.

വാസ്തവത്തില്‍ മാര്‍ക്സ് വിഭാവനം ചെയ്ത ആറു ഭാഗങ്ങളുള്ള ഗ്രന്ഥപരമ്പരയുടെ ഒരു ഭാഗമായ "സാമ്പത്തികശാസ്ത്ര" (Economics)ന്റെ ഒരു ഭാഗം മാത്രമാണ് മൂലധനം! തുടര്‍ന്നുള്ള ഭാഗങ്ങളിലായി ഭര ണകൂടം, അന്താരാഷ്ട്ര തൊഴില്‍ വിഭജനം, ലോകകമ്പോളം തുടങ്ങിയ വിഷയങ്ങളും സാങ്കേതിക വിദ്യയുടെ വ്യാപനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, വ്യക്തിയും സമുദായവും തമ്മിലുള്ള ബന്ധം, ഏറുന്ന വിശ്രമവേളകള്‍ (Leisure), പ്രാങ് മുതലാളിത്ത സാമൂഹ്യരൂപീകരണം, മുതലാളിത്ത സാര്‍വദേശീയത തുടങ്ങിയ എത്രയോ പ്രമേയങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കാന്‍ മാര്‍ക്സ് ഉദ്ദേശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു പഠനപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ദാരിദ്ര്യവും രോഗവും ഇടമുറിയാത്ത മരണങ്ങളും കൂടുകൂട്ടിയ ജീവിതം മാര്‍ക്സിനെ അനുവദിച്ചില്ല. എങ്കിലും ഈ പ്രമേയങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ ആലോചനകളുടെ കരട് രൂപം ഗ്രുണ്‍ ഡ്രിസ്സെ അവശേഷിപ്പിക്കുന്നുണ്ട്. മാര്‍ക്സിസത്തെ അവസാനത്തെ സത്യവേദ പുസ്തകമായി പരിഗണിക്കാത്തവര്‍ പലതും ആലോചിച്ചുതുടങ്ങാനുള്ള വക അതിലുണ്ട് താനും. (ഉദാഹരണത്തിന് സിദ്ധാന്തവല്‍ക്കരണത്തെയും പൊതുതത്വങ്ങളില്‍നിന്ന് പഠനം ആരംഭിക്കുന്നതിനെയും കുറിച്ച് ഗ്രൂണ്‍ഡ്രിസ്സെയിലെ ആമുഖ ചര്‍ച്ച). ഗ്രൂണ്‍ഡ്രിസ്സെയുടെ 150-ാം വാര്‍ഷികം പ്രമാണിച്ച് പ്രമുഖ പ്രസാധകരായ റൗട്ലഡ്ജ് പുറത്തിറക്കിയ കാള്‍ മാര്‍ക്സിന്റെ ഗ്രൂണ്‍ഡ്രിസ്സെ: രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശത്തിന്റെ അടിസ്ഥാനങ്ങള്‍ 150 വര്‍ഷത്തിനുശേഷം (Karl Marxs" Grundirisse: Foundations of the critique of political Economy 150 years later) എന്ന പുസ്തകം ഈ മഹാഗ്രന്ഥത്തിന്റെ സമസ്തതലങ്ങളെയും സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇറ്റാലിയന്‍ ഗവേഷകനും മാര്‍ക്സിസ്റ്റ് പണ്ഡിതനുമായ മാര്‍സെല്ലോ മസ്തോ ആണ് ഈ പുസ്തകം എഡിറ്റ്ചെയ്തിരിക്കുന്നത്. വിഖ്യാത മാര്‍ക്സിസ്റ്റ് ചരിത്രകാരനായ എറിക്ഹോബ്സ് ബാമിന്റെ പ്രൗഢമായ അവതാരികയും ഇതിനുണ്ട്.

മാര്‍ക്സിസം പല നിലകളില്‍ വീണ്ടും വായിക്കപ്പെടുന്ന സമകാലിക സന്ദര്‍ഭത്തില്‍ മാര്‍ക്സിന്റെ തന്നെ ഏറ്റവും സങ്കീര്‍ണവും അഗാധവുമായ രചനയായി പരിഗണിക്കപ്പെട്ടു വരുന്ന ഗ്രുണ്‍ഡ്രിസ്സെ ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാകുന്നത് ആഹ്ലാദകരമാണ്. മൂന്ന് ഭാഗങ്ങളായി തരംതിരിക്കപ്പെട്ട 32 പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തിലെ എട്ട് പ്രബന്ധങ്ങള്‍ ഗ്രൂണ്‍ ഡ്രിസ്സെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയോ പ്രേരണ ചെലുത്തുകയോ ചെയ്യുന്ന പ്രമേയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ്. രീതി, പണത്തിന്റെ മൂല്യം, അന്യവല്‍ക്കരണം, മിച്ചമൂല്യം, മുതലാളിത്ത പൂര്‍വസമൂഹങ്ങളിലെ ചരിത്രപരമായ വൈരുധ്യാത്മകത, മുതലാളിത്തത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധി, വ്യക്തിയുടെയും സമുദായത്തിന്റെയും വിമോചനം, മൂലധനം എന്നിങ്ങനെ മാര്‍ക്സിസത്തിന്റെ കേന്ദ്ര പരിഗണനാ വിഷയങ്ങളെ ഗ്രൂണ്‍ഡ്രിസ്സെ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നാണ് ഈ പഠനങ്ങള്‍ പരിശോധിക്കുന്നത്. ടെറല്‍ ക്രാവറും ജോണ്‍ ബെല്ലമിഫോസ്റ്ററും ഉള്‍പ്പെടെ മാര്‍ക്സിസ്റ്റ് ചിന്താലോകത്തെ അതിപ്രഗത്ഭരാണ് ഈ പ്രബന്ധങ്ങള്‍ എഴുതിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

രണ്ടാംഭാഗത്തെ മൂന്ന് പ്രബന്ധങ്ങള്‍ ഗ്രുണ്‍ ഡ്രിസ്സെയുടെ രചനാകാലത്തെയും (1857-58) അക്കാലത്ത് അദ്ദേഹം അനുഭവിച്ച യാതനകളുടെയും വിവരണമാണ്. മൂന്നാം ഭാഗത്തുള്ള ഇരുപത് പ്രബന്ധങ്ങള്‍ ജര്‍മനിയും റഷ്യയും മുതല്‍ ഇറാനും തുര്‍ക്കിയും ഫിന്‍ലാന്‍ഡും വരെയുള്ള നൂറോളം ലോകരാജ്യങ്ങളില്‍ ഗ്രുണ്‍ഡ്രിസ്സെ എത്തിച്ചേര്‍ന്നതിന്റെയും വായിക്കപ്പെട്ടതിന്റെയും അത് അവിടങ്ങളിലെ മാര്‍ക്സിസ്റ്റ് ചിന്തയിലും പ്രസ്ഥാനങ്ങളിലും ചെലുത്തിയ സ്വാധീനത്തിന്റെയും ചരിത്രം ചര്‍ച്ച ചെയ്യുന്നവയാണ്. (നിര്‍ഭാഗ്യവശാല്‍ ഇതില്‍ ഇന്ത്യയെക്കുറിച്ച് ഒരധ്യായം ഇല്ല). മൂന്ന് ഭാഗങ്ങള്‍ക്കും എഡിറ്ററായ മാര്‍സെല്ലോ മസ്തോ വിശദമായ ആമുഖപഠനം എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. അങ്ങനെ ഗ്രുണ്‍ഡ്രിസ്സെ ജീവചരിത്രവും ആശയപ്രപഞ്ചവും ഫലപ്രദമായി സംഗ്രഹിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒന്നാണ് ഈ പുസ്തകം.

മാര്‍ക്സിസവും മാര്‍ക്സിസ്റ്റ് സംവാദങ്ങളും നിരന്തരം അരങ്ങേറുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് ധൈഷണികതയ്ക്ക് വളരെയേറെ പരാധീനതകളുള്ള ഒരു സമൂഹമാണ് കേരളം. മാര്‍ക്സിസത്തെ വൈരുധ്യാത്മക വിചിന്തനമെന്നതിനു പകരം താര്‍ക്കികയുക്തിയായി കൊണ്ടുനടക്കുന്നവര്‍ ഇവിടെ എത്രയെങ്കിലും ഉണ്ടുതാനും. ഗ്രൂണ്‍ ഡ്രിസ്സെയെപ്പോലുള്ള ക്ലാസിക്ക് നമ്മുടെ ചര്‍ച്ചകളിലും ആലോചനകളിലും കാര്യമായി പരാമര്‍ശിക്കപ്പെടുകപോലും ചെയ്യാതിരിക്കുന്നതിന്റെ കാരണവും അതുതന്നെയാവണം. ഇങ്ങനെയൊരു ഗ്രന്ഥം നിലവിലുണ്ട് എന്ന കാര്യം പോലും നമ്മുടെ സംവാദങ്ങളില്‍നിന്ന് മനസ്സിലാക്കിയെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും മാര്‍ക്സിസ്റ്റ് ചിന്തയുടെ ഭാവിജീവിതത്തിലെ കേന്ദ്രസ്ഥാനങ്ങളിലൊന്ന് ഈ കൃതിയായിരിക്കും എന്ന് ലോകം ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മാര്‍ക്സിസ്റ്റ് സംവാദങ്ങളും ഇക്കാര്യം തിരിച്ചറിയാതിരുന്നുകൂടാ.

സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 07 ഒക്ടോബര്‍ 2012

No comments:

Post a Comment