വാള്‍മാര്‍ട്ടിന്റെ "സേവന"ങ്ങള്‍ - എസ് അജോയ്

രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ഗ്രസിച്ച മാന്ദ്യത്തിനു മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കണ്ടെത്തിയ സിദ്ധൗഷധമാണ് റിട്ടെയില്‍ രംഗം വിദേശ ഭീമന്മാര്‍ക്ക് തുറന്നുകൊടുക്കുക എന്നത്. വാള്‍മാര്‍ട്ടും കാരിഫോറും കെ മാര്‍ട്ടും അടക്കമുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും ഉപയോക്താവിന് മികച്ച സേവനവും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. ലക്ഷക്കണക്കിനു വരുന്ന ചെറുകിട കച്ചവടക്കാര്‍ പൂട്ടിപ്പോകില്ലെന്നും സമ്പദ്രംഗം വളര്‍ച്ച നേടുമെന്നും ഇവര്‍ പറയുന്നു.

എന്താണ് സത്യം? ലോകത്ത് പട്ടിണിയും ദാരിദ്ര്യവും വളര്‍ത്തുന്നതില്‍ വാള്‍മാര്‍ട്ട് വഹിച്ച പങ്ക് മുതലാളിത്തത്തിന്റെ വക്താക്കള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. "സോഷ്യല്‍ സയന്‍സ് ക്വാര്‍ട്ടേര്‍ലി" എന്ന പ്രസിദ്ധീകരണത്തില്‍, ഇന്ത്യക്കാരിയായ ഹേമാ സ്വാമിനാഥനും (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകയാണിവര്‍) പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ കാര്‍ഷിക- സാമ്പത്തിക വിഭാഗം പ്രൊഫസര്‍ സ്റ്റീഫന്‍ ഗോറ്റ്സും ചേര്‍ന്നു നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഏകദേശം 20,000 കുടുംബങ്ങളെ പ്രത്യക്ഷമായി വാള്‍മാര്‍ട്ട് ദാരിദ്ര്യരേഖയ്ക്കു താഴേക്കു തള്ളിവിട്ടു എന്നു വ്യക്തമാക്കുന്നു. ഇവരില്‍ വാള്‍മാര്‍ട്ടിലെ ജീവനക്കാരുമുണ്ട്് എന്നതാണ് ഏറെ വിചിത്രം. മിനിമം വേതനംപോലും നല്‍കാത്തതാണ് ഇതിനു കാരണം. ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിലൂടെ ഉണ്ടായ തൊഴിലില്ലായ്മയുടെ കണക്ക് വേറെയാണെന്ന് ഇവര്‍ പറയുന്നു.

ലോകമെമ്പാടുമുള്ള കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണംചെയ്തുള്ള വാള്‍മാര്‍ട്ടിന്റെ വളര്‍ച്ചയ്ക്ക് ഭരണ നേതൃത്വങ്ങള്‍ ഒത്താശചെയ്തു. അമേരിക്കയില്‍ ഏറ്റവും കുറവ് കൂലി നല്‍കുന്ന സംഘടിത വ്യവസായസ്ഥാപനമാണ് വാള്‍മാര്‍ട്ട്. ചെറിയതോതിലെങ്കിലും തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നത് അവര്‍ തടയുന്നു. സ്ത്രീത്തൊഴിലാളികളെ ചൂഷണംചെയ്യുന്നതിലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാതിരിക്കാനും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നു. ചെറിയ കടകള്‍ ഏതാണ്ട് മുഴുവന്‍തന്നെ അമേരിക്കയില്‍ അടച്ചുപൂട്ടി. അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും വാള്‍മാര്‍ട്ട് വന്‍കിട കര്‍ഷകരെമാത്രം വളര്‍ത്തി. ഇതുവഴി ലക്ഷക്കണക്കിനു ചെറുകിട കര്‍ഷകരാണ് വഴിയാധാരമായത്.

അമേരിക്കന്‍ വിപണിയുടെ സിംഹഭാഗവും കൈയടക്കിയ, ലോകത്തെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയാണ് വാള്‍മാര്‍ട്ട്. ഏകദേശം 21 ലക്ഷം കോടി രൂപയാണ് ഇതിന്റെ 2011ലെ വിറ്റുവരവ്. 15 രാജ്യങ്ങളിലായി 8500 ചില്ലറ വില്‍പ്പനശാലകളുള്ള സ്ഥാപനമാണിത്. അമേരിക്കന്‍ പ്രവിശ്യയായ അര്‍ക്കന്‍സാസിലെ ബെന്‍റ്റണ്‍ വില്ലയില്‍ 1962ലാണ് വാള്‍മാര്‍ട്ടിന്റെ ജനം. സാം വാള്‍ട്ടണ്‍ സ്ഥാപിച്ച വാള്‍മാര്‍ട്ട് 1988ല്‍ അവരുടെ ആദ്യ സൂപ്പര്‍സെന്റര്‍ വാഷിങ്ടണില്‍ ആരംഭിച്ചു. തെക്കന്‍ പ്രവിശ്യകളില്‍നിന്ന് പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കും തുടര്‍ന്ന് അമേരിക്കയെങ്ങും വാള്‍മാര്‍ട്ട് തരംഗമായി. 2002ല്‍ ലോകത്തെ ഏറ്റവും വലിയ കോര്‍പറേഷനായി ഇവര്‍ മാറി. വെറും രണ്ടു പതിറ്റാണ്ടുകൊണ്ടാണ് അമേരിക്കന്‍ രാഷ്ടീയത്തെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള വിധം വാള്‍മാര്‍ട്ട് വളര്‍ന്നത്. 1980കളില്‍ അധികാരത്തില്‍ വന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് അമേരിക്കയില്‍ റീട്ടെയില്‍ രംഗത്ത് മുതലാളിമാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതോടെ കുറഞ്ഞ കൂലിക്ക് കൂടുതല്‍ ചൂഷണം എന്ന നയം നടപ്പാക്കാന്‍ അവര്‍ക്കായി. "പുതിയ നയം വഴി കൂലിയിനത്തില്‍ കോടിക്കണക്കിന് ഡോളറാണ് വാള്‍മാര്‍ട്ടിന് ലാഭിക്കാനായത്"- അമേരിക്കയുടെ റീട്ടെയില്‍ സെക്ടറിനെപ്പറ്റി പഠിച്ച നില്‍ ലിച്ചെന്‍സ്റ്റീന്‍ പറയുന്നു.

ഏതെങ്കിലും തൊഴിലാളി യൂണിയനില്‍ എന്നെങ്കിലും അംഗമായവരെ പണിക്കെടുക്കേണ്ടെന്നാണ് മാനേജര്‍മാര്‍ക്ക് വാള്‍മാര്‍ട്ട് നല്‍കിയിരിക്കുന്ന കല്‍പ്പന. ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആസ്ഥാനമായ ബെന്‍റ്റണ്‍വില്ലയില്‍നിന്ന് ആളെത്തും. തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കിയിട്ടേ അവര്‍ തിരിച്ചു പോകൂ. തൊഴില്‍സമരങ്ങളെ ഇല്ലാതാക്കാന്‍ മാനേജര്‍മാര്‍ക്ക് ഇതു സംബന്ധിച്ച കൈപ്പുസ്തകം വിതരണംചെയ്യും. ആഴ്ച തോറും ലേബര്‍ റിലേഷന്‍ ക്ലാസുകള്‍ എന്ന പേരില്‍ യൂണിയന്‍ വിരുദ്ധ ക്ലാസുകളുമുണ്ട്. എന്താണ് ഇതിന്റെ ഫലം? യൂണിയനുകള്‍ സജീവമായ മറ്റ് സ്റ്റേറ്റുകളെ അപേക്ഷിച്ച് 23 ശതമാനം വേതനം കുറവാണ് വാള്‍മാര്‍ട്ടില്‍ എന്നു പഠനങ്ങള്‍ കാട്ടുന്നു. വാള്‍മാര്‍ട്ടിലെ സ്ഥിരം ജീവനക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ വാര്‍ഷിക വരുമാനം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടേതിനൊപ്പമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ അമേരിക്കയില്‍ വാള്‍മാര്‍ട്ട് ജീവനക്കാരിലെ 28 ശതമാനംമാത്രമാണ് ഈ പരിധിയില്‍. അധികമായി ജോലിചെയ്താല്‍ അലവന്‍സ് നല്‍കുന്ന പതിവും വാള്‍മാര്‍ട്ടിനില്ല. അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട വ്യവസായസ്ഥാപനങ്ങള്‍വരെ വാള്‍മാര്‍ട്ടിന്റെ വരുതിക്ക് തുള്ളി സ്വന്തം രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. അമേരിക്കയിലെ എറ്റവും വലിയ ഇലക്ട്രിക് ഉല്‍പ്പന്ന നിര്‍മാതാക്കളില്‍ ഒന്നാണ് ജിഇ എന്ന ജനറല്‍ ഇലക്ട്രിക് കമ്പനി. വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നായ ഇവര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനകം അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ലിവൈസ് എന്ന ലെവി സ്ട്രൗസ് കുത്തക ജീന്‍സ് ഉല്‍പ്പാദകര്‍ അമേരിക്കയിലെ തങ്ങളുടെ നാല് ഫാക്ടറികള്‍ അടച്ചുപൂട്ടി ഉല്‍പ്പാദനം ഏഷ്യയിലേക്കും ലാറ്റിനമേരിക്കയിലേക്കും മാറ്റി. ഇതിനെത്തുടര്‍ന്ന് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ ഇല്ലാതായി. ഇവരും വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരാണ്. ന്യൂ വെല്‍ റബര്‍ മെയ്ഡ്. ഡയല്‍ സോപ്പ്സ്..... അങ്ങനെ നീളുന്നു ഇങ്ങനെ വ്യവസായം അമേരിക്കയില്‍ നിന്നു മാറ്റിയ കമ്പനികളുടെ എണ്ണം.

എന്താണിതിനു കാരണം? ഇത്തരം കമ്പനികളുടെ ഏറ്റവും വലിയ ഉപയോക്താവാണ് വാള്‍മാര്‍ട്ട്. ഇടയ്ക്കിടെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനികളോട് വാള്‍മാര്‍ട്ട് ആവശ്യപ്പെടും. ഇതേത്തുടര്‍ന്ന് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവും. തുടര്‍ന്ന് കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് ഇവര്‍ ചേക്കേറും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇതേ തന്ത്രമാണ് വാള്‍മാര്‍ട്ടിന്. ഭാവിയില്‍ ഇന്ത്യയിലും ഇതേ തന്ത്രമാവും ഇവര്‍ സ്വീകരിക്കുക. ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മറ്റേതെങ്കിലും രാജ്യത്തുനിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലഭിച്ചാല്‍ അവര്‍ അതു വാങ്ങും. പ്രാദേശിക വിപണി നഷ്ടപ്പെട്ട കര്‍ഷകനെ കുത്തകകള്‍കൂടി കൈയൊഴിഞ്ഞാലുള്ള ദുരന്തം ആലോചിക്കാവുന്നതേയുള്ളൂ. എന്നാല്‍, ഇവരെ ചെറുക്കാമെന്നു കരുതിയാലോ? 2000ല്‍ മാസ്റ്റര്‍ലോക്ക് എന്ന അമേരിക്കന്‍ കമ്പനി ഇത്തരത്തിലൊരു ചെറുത്തുനില്‍പ്പിനു ശ്രമിച്ചു. പെട്ടെന്നുതന്നെ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വാള്‍മാര്‍ട്ട് എടുക്കാതായി. കമ്പനി നഷ്ടത്തിലായി. നിരവധി പേര്‍ക്ക് തൊഴിലും നഷ്ടമായി. ഏകാധിപതികള്‍ ഭരിക്കുന്ന ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാള്‍മാര്‍ട്ട് തൊഴിലടിമ ലേബര്‍ ക്യാമ്പുകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2004ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലിന്‍ഡന്‍ ലാ റൂഷ് വാള്‍മാര്‍ട്ടിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വാള്‍മാര്‍ട്ടിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. "അമേരിക്കയില്‍ തൊഴിലില്ലായ്മയുണ്ടാക്കുന്നത് വാള്‍മാര്‍ട്ടാണ്. അവര്‍ പ്രതിനിധാനംചെയ്യുന്നത് ആഗോളവല്‍ക്കരണത്തെയാണ്. അമേരിക്കയില്‍ പട്ടിണിയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്നു. വാള്‍മാര്‍ട്ടിനെ രാജ്യത്തുനിന്ന് തുടച്ചുമാറ്റണം." അദ്ദേഹം പറഞ്ഞു. ചെറുകിട- ഇടത്തരം കച്ചവടക്കാരെ ആഗോളകുത്തകകളുടെ വരവ് ബാധിക്കില്ലെന്നു വാദിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: "അമേരിക്കയിലെ പ്രധാന തെരുവുകള്‍ വിജനമായി. ഇവിടെയൊന്നും കച്ചവടക്കാരോ ഉപയോക്താക്കളോ ഇല്ല."- ബില്‍ ക്ലിന്റന്റെ കാലത്ത് തൊഴില്‍സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ലീച്ച് പറയുന്നു.

റീട്ടെയില്‍ രംഗത്തെ കുത്തകകളുടെ കടന്നുവരവ് ചെറുകിടക്കാരെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ നിയമിച്ച പാനല്‍ കണ്ടെത്തിയത് രാജ്യത്തെ 94 ശതമാനം ചെറുകിടക്കാരും ഇല്ലാതായി എന്നാണ്. ഇതിലും ഭീകരമാണ് കാര്‍ഷികരംഗത്തെ സ്ഥിതി. സര്‍ക്കാരിന്റെ വന്‍ സബ്സിഡി പറ്റുന്ന വിരലിലെണ്ണാവുന്ന വന്‍കിട കര്‍ഷകരും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വില കുറച്ചു വാങ്ങുന്ന ഏതാനും റീട്ടെയില്‍ ഭീമന്മാരും എന്നതാണ് അമേരിക്കയിലെ നില. ഇടത്തരം ചെറുകിട കര്‍ഷകന്‍ വാള്‍മാര്‍ട്ടിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഇല്ലാതായി. അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്റെ കണക്കു പ്രകാരം പച്ചക്കറിയുടെ വില്‍പ്പനവിലയില്‍ 24 ശതമാനവും പഴവര്‍ഗങ്ങളുടെ വിലയില്‍ 30 ശതമാനത്തിന്റെയും വര്‍ധന 2000-2009 കാലത്ത് ഉണ്ടായി. ഇക്കാലത്ത് ഭക്ഷ്യ ചെലവുകളില്‍ 370 ദശലക്ഷം ഡോളറിന്റെ വര്‍ധന ഉണ്ടായപ്പോള്‍ കര്‍ഷകനു കിട്ടിയത്് 85 ദശലക്ഷം ഡോളറിന്റെ വര്‍ധനമാത്രം. ബാക്കി വരുന്ന ഭീമന്‍ തുകപോയത് എങ്ങോട്ടെന്നു വ്യക്തം.

ഇത്തരം നഗ്നമായ ചൂഷണത്തെ ചെറുക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനുപോലും കഴിയുന്നില്ല. ഇന്ത്യപോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ ഇത്തരം കുത്തകകളുടെ തന്ത്രം വ്യക്തമാണെന്ന് അഞ്ചുവര്‍ഷം മുമ്പ് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം പറയുന്നു. "തുടക്കത്തില്‍ കര്‍ഷകര്‍ക്കു നല്ല വില നല്‍കുന്ന ഇവര്‍ ഉല്‍പ്പന്നവില ക്രമാനുഗതമായി കുറച്ചുകൊണ്ടിരിക്കും. പ്രാദേശിക വിപണി ഉപേക്ഷിച്ച് കുത്തകകള്‍ക്കൊപ്പം ചേര്‍ന്ന കര്‍ഷകന് കുത്തകകള്‍ പറയുന്ന വിലയ്ക്ക് ഉല്‍പ്പന്നം നല്‍കേണ്ടി വരും. നഷ്ടം സഹിക്കാതാവുമ്പോള്‍ കൃഷിപ്പാടം കര്‍ഷകര്‍ കുത്തകകള്‍ പറയുന്നവര്‍ക്ക് പാട്ടത്തിനു നല്‍കും. ഇങ്ങനെ കാര്‍ഷികരംഗത്ത് കുത്തകകള്‍ ആധിപത്യം സ്ഥാപിക്കും. ഇതൊക്കെയാണ് റിട്ടെയില്‍ ഭീമന്മാര്‍ സ്വന്തം രാജ്യങ്ങള്‍ക്ക് നല്‍കുന്ന "സേവനങ്ങള്‍".
Deshabhimani - 03-Oct-2012