കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ - എ കെ ബാലന്‍

കാര്‍ഷിക പരിഷ്കാരങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം സാക്ഷിയായ സാമൂഹ്യമാറ്റങ്ങളുടെ വേഗം വര്‍ധിപ്പിച്ചു. അതോടൊപ്പം അത് സാമ്പത്തികമേഖലയെയും മാറ്റിമറിച്ചു. ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ പ്രധാനം സര്‍ക്കാരിന് ലഭ്യമായ ഭൂമി ഭൂരഹിതര്‍ക്കും പാവങ്ങള്‍ക്കും വിതരണം ചെയ്യുക എന്നതായിരുന്നു. ഐക്യകേരളം രൂപംകൊണ്ട 1956ല്‍ 14,84,000 കുടുംബങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. മൊത്തം ഭൂവുടമസ്ഥതയുള്ള കുടുംബങ്ങളുടെ എണ്ണം നോക്കിയാല്‍ ഒരേക്കറില്‍ താഴെയുള്ളവരായിരുന്നു 55.60 ശതമാനവും. അവരുടെ കൈവശമാവട്ടെ, മൊത്തം ഭൂമിയുടെ 8.10 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബങ്ങള്‍ മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിയിരുന്നു.

ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഭൂകേന്ദ്രീകരണം നടന്നിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. 1957ല്‍ അധികാരം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍തന്നെ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. സമഗ്രമായ കാര്‍ഷികബന്ധ നിയമം പാസാക്കിയതോടെ കാര്‍ഷിക പരിഷ്കരണങ്ങള്‍ക്ക് അടിത്തറ പാകാന്‍ ഇ എം എസ് സര്‍ക്കാരിന് സാധിച്ചു. 1967ല്‍ രണ്ടാം ഇ എം എസ് മന്ത്രിസഭ കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകന് പൂര്‍ണമായി കൈമാറിയത് രാജ്യത്തെ ഏറ്റവും സമഗ്രമായ കാര്‍ഷിക പരിഷ്കരണമായിരുന്നു. ദശലക്ഷക്കണക്കിന് കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും സ്വന്തമായി മണ്ണ് എന്ന സങ്കല്‍പ്പം സാര്‍ഥകമാവുകയുംചെയ്തു. അഞ്ച് പതിറ്റാണ്ടിനിപ്പുറം നിന്ന് ഭൂപരിഷ്കരണത്തെ പരിശോധിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത കാര്യം, കൃഷിക്കാരനും സര്‍ക്കാരിനുമിടയില്‍ ജന്മി എന്ന ഇടനിലക്കാരനെ പൂര്‍ണമായും ഇല്ലാതാക്കി എന്നതുതന്നെയാണ്. ഭൂകേന്ദ്രീകരണമെന്ന ദുരവസ്ഥയും പൂര്‍ണമായി ഇല്ലാതാക്കാനായി. മാത്രമല്ല, കടബാധ്യതകൊണ്ട് ക്ലേശിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കമ്യൂണിസ്റ്റ് മന്ത്രിസഭ രണ്ട് നിയമങ്ങള്‍ പാസാക്കി. അവ 1958 ലെ 31-ാം നമ്പര്‍ കടാശ്വാസ നിയമവും 1958 ലെ 35-ാം നമ്പര്‍ പണമിടപാടുകാരെ സംബന്ധിച്ച നിയമവും ആയിരുന്നു. 1958 ലെ 10-ാം നമ്പര്‍ സ്വകാര്യ വനസംരക്ഷണ ഭേദഗതി നിയമവും 1958 ലെ 13-ാം നിയമമായ സ്വകാര്യ വനമാനേജ്മെന്റ് ഏറ്റെടുക്കല്‍ നിയമവും സുപ്രധാനമായിരുന്നു. വനങ്ങള്‍ തുണ്ടുതുണ്ടുകളാക്കി വിഭജിച്ച് വില്‍പ്പന നടത്തുന്നതിനും സ്വകാര്യ വന ഉടമസ്ഥരുടെ സാമൂഹ്യവിരുദ്ധമായ പ്രവൃത്തികള്‍ക്കും ഈ നിയമങ്ങള്‍ കടിഞ്ഞാണിട്ടു. 1957 ഏപ്രില്‍ 5ന് അധികാരമേറ്റ സര്‍ക്കാര്‍ ഏപ്രില്‍ 11ന് എല്ലാ ഒഴിപ്പിക്കലും നിരോധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് എന്നത് സ്ഥായിയാവണമെങ്കില്‍ നിയമനിര്‍മാണം ആവശ്യമായിരുന്നു. പക്ഷേ, അത് എളുപ്പമായ പ്രക്രിയയായിരുന്നില്ല. കാരണം, തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വ്യത്യസ്തമായ ഭൂവുടമാബന്ധ നിയമങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വിശദമായ പരിശോധന ആവശ്യമായി വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1957 ഡിസംബറില്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ല് 1959 ജൂണ്‍ 19ന് പാസായി. വിമോചനസമരവും ശേഷവും ഇതേത്തുടര്‍ന്ന് കുപ്രസിദ്ധമായ വിമോചനസമരം അരങ്ങേറി. തുടര്‍ന്ന് ഭൂപരിഷ്കരണം നടപ്പാക്കിയ മന്ത്രിസഭയെ പിരിച്ചുവിട്ടു. ഈ നിയമത്തിന്റെ അന്തഃസത്ത കളഞ്ഞുകുളിക്കുന്ന രൂപത്തില്‍ അതിനെ മാറ്റിമറിക്കാനുള്ള പരിശ്രമം പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷ ശക്തികള്‍ നടപ്പാക്കി. ഭൂപരിഷ്കരണനിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് മൂന്ന് തരത്തിലാണ് പരിശ്രമങ്ങള്‍ നടന്നത്. (1) നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ച് താമസിപ്പിക്കുക. (2) കോടതികളിലൂടെ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുക. (3) ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കുക. 1959 ജൂണില്‍ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നിയമമായത് 1960ലാണ്. അതിലാവട്ടെ, ഇഷ്ടദാനത്തിനുള്ള വകുപ്പ് കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. ഒരു വ്യക്തിക്ക് 7.5 ഏക്കറെന്നും കുടുംബത്തിന് 15 ഏക്കറെന്നും പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും ഈ വകുപ്പ് ഉപയോഗിച്ച് ഒട്ടേറെ ഭൂമി മിച്ചഭൂമിയല്ലാതായി മാറുന്ന നിലയുണ്ടായി.

അതേപോലെ, കേന്ദ്ര ആസൂത്രണകമീഷന്റെ നിര്‍ദേശാനുസരണം തോട്ടങ്ങളെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കേണ്ട നിലയുണ്ടാവുകയുംചെയ്തു. ഇത്തരം സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഒട്ടനവധി ഏക്കര്‍ മിച്ചഭൂമി ഇല്ലാതാക്കുന്നതിന് പിന്നീട് വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ക്ക് സാധിച്ചു. ഇതോടൊപ്പം നടന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. 1957 ഡിസംബര്‍ 18നും 1960 ജൂലൈ 27 നുമിടയില്‍ നടന്ന കൈമാറ്റങ്ങളുടെ എണ്ണം 10 ലക്ഷമായിരുന്നു. ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ വന്‍തോതില്‍ കൈമാറ്റം നടന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാര്‍ഷിക പരിഷ്കരണബില്ലില്‍, 1957 ഡിസംബര്‍ 18 നുശേഷം നടന്നിട്ടുള്ള വസ്തുകൈമാറ്റങ്ങള്‍ അസാധുവാക്കുന്നത് ഒഴിവാക്കുന്ന നിയമത്തെ ഇന്ത്യാ ഗവണ്‍മെന്റ് അട്ടിമറിച്ചു. ഇതിന്റെ ഫലമായി ഉദ്ദേശിച്ച രീതിയില്‍ ഭൂപരിഷ്കരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് കഴിയാത്ത നിലയുണ്ടായി. നിയമത്തില്‍ വെള്ളം ചേര്‍ത്തതിന്റെ ഫലമായി ഗുരുതരമായ പ്രശ്നങ്ങള്‍ സാമൂഹ്യമായി രൂപപ്പെട്ടു. 7,20,000 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഉണ്ടാകുമെന്നായിരുന്നു 1959 ലെ കാര്‍ഷിക ബന്ധ ബില്‍ അവതരിപ്പിക്കുമ്പോഴുണ്ടായിരുന്ന കണക്ക്. എന്നാല്‍, നിയമത്തില്‍ വലതുപക്ഷ ശക്തികള്‍ വെള്ളം ചേര്‍ത്തതിന്റെ ഫലമായി 1991ലെ കണക്കനുസരിച്ച്, ഏറ്റെടുക്കാനായത് 93,178 ഏക്കറാണ്. അതായത്, ആരംഭത്തില്‍ കണക്കാക്കിയതിന്റെ 13 ശതമാനം മാത്രമാണ് ഈ വകയില്‍ ഏറ്റെടുക്കാനായത്. ഇതിന്റെ ഫലമായി സംഭവിച്ച ഗുരുതരമായ പ്രശ്നം ഭൂരഹിതരായ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും ഭൂപരിഷ്കരണംകൊണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉദ്ദേശിച്ച നേട്ടം ലഭിച്ചില്ലെന്നതാണ്. ഈ സ്ഥിതിവിശേഷത്തിന് പൂര്‍ണ ഉത്തരവാദി വലതുപക്ഷ ശക്തികളും കാര്‍ഷിക ബന്ധ ബില്ലിനെതിരായി പ്രക്ഷോഭം മുന്നോട്ടുവച്ച വിമോചനസമരത്തിന്റെ വക്താക്കളുമാണ്. ഇപ്പോള്‍ ഇത്തരം ശക്തികളാണ് ഭൂപരിഷ്കരണത്തില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടത്ര നേട്ടം നല്‍കുന്നതിന് 1957 ലെ സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന് മുറവിളി കൂട്ടുന്നത്. 1963 സെപ്തംബര്‍ 20ന് ആര്‍ ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോ ഭൂപരിഷ്കരണനിയമത്തെ വികലമാക്കി ഒരു ബില്ല് നിയമസഭയില്‍ കൊണ്ടുവരികയും 1963 ഡിസംബര്‍ 4ന് പാസാക്കുകയുംചെയ്തു. ഇതിലെ വ്യവസ്ഥകള്‍ പലതും മൂലനിയമത്തിലെ വ്യവസ്ഥകള്‍ വികലമാക്കിക്കൊണ്ടുള്ളതും ജനങ്ങളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതും ആയിരുന്നു. ആ നിയമത്തിന് വി ആര്‍ കൃഷ്ണയ്യര്‍ സെനറ്റ് കമ്മിറ്റി റിപ്പോര്‍ട്ടിനെഴുതിയ വിയോജനക്കുറിപ്പ് അത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

1967ലെ സര്‍ക്കാരിന്റെ ഇടപെടല്‍ 1957ലെ സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ ഭൂപരിഷ്കരണനിയമത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് പിന്നീട് അധികാരത്തില്‍ വന്ന 1967ലെ രണ്ടാം ഇ എം എസ് സര്‍ക്കാര്‍ രാജ്യം ദര്‍ശിച്ച ഏറ്റവും സമഗ്രമായ കാര്‍ഷിക പരിഷ്കരണ നിയമം നടപ്പാക്കിയത്. ഭൂവുടമ സമ്പ്രദായത്തിന്റെ അടിവേരറുത്ത ആദ്യ ഇന്ത്യന്‍ സംസ്ഥാനം എന്ന ഖ്യാതി ഇതിലൂടെ കേരളത്തിന് ലഭിച്ചു. അത് ഈ സംസ്ഥാനത്തിന്റെ ജനജീവിതത്തെ സമഗ്രമായി പുനര്‍നിര്‍മിക്കുകയും ചെയ്തു. 1968ലെ കേരള ലാന്‍ഡ് റിഫോംസ് (അമെന്‍ഡ്മെന്റ്) ബില്‍ 1969 ഒക്ടോബര്‍ 17 നാണ് സഭ പാസാക്കിയത്.

1969 ഡിസംബര്‍ 16ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. 1957ലെ കാര്‍ഷികബന്ധബില്ലില്‍ത്തന്നെ കുടികിടപ്പുകാരന് കൈവശാവകാശം ഉറപ്പാക്കുന്ന വകുപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 1969 ലെ നിയമം കുടികിടപ്പുകാരന് ഉടമസ്ഥാവകാശം ഉറപ്പാക്കി. മുന്‍ നിയമങ്ങളില്‍ കുടികിടപ്പ് ഒഴിപ്പിക്കാതിരിക്കാന്‍മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എന്നാല്‍, പുതിയ നിയമത്തില്‍ കുടികിടപ്പുകാരന് അവന്റെ പുരയ്ക്കും അതോടനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലത്തിനും അവകാശം നല്‍കി. അവ കൊടുക്കാന്‍ ഉടമ ബാധ്യസ്ഥനായി. ഈ ഭൂമിക്കുള്ള പ്രതിഫലമാവട്ടെ, അതിലെ വിഭവങ്ങളുടെ മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് മാത്രമായിരിക്കും. ആ സംഖ്യയുടെ പകുതി സര്‍ക്കാരും പകുതി 12 തവണകളായി കുടികിടപ്പുകാരനും നല്‍കിയാല്‍മതിയെന്നുമുള്ള വ്യവസ്ഥയും അതില്‍ ഉണ്ടായിരുന്നു. ഉടമ പരിധിയില്‍ കവിഞ്ഞ ഭൂമിയുള്ള ആളാണെങ്കില്‍ പ്രതിഫലസംഖ്യ നാലിലൊന്നിനു പകരം എട്ടിലൊന്ന് മാത്രമായിരിക്കുമെന്നും നിയമത്തില്‍ വ്യവസ്ഥചെയ്തു. നിലവിലുള്ള നിയമവ്യവസ്ഥയില്‍ നിന്ന് കുടികിടപ്പുകാരന് ഇത്രമാത്രം സുരക്ഷിതത്വം നല്‍കുന്ന വ്യവസ്ഥ ഇന്ത്യയിലെന്നല്ല ഒരു കമ്യൂണിസ്റ്റിതര രാജ്യങ്ങളില്‍പ്പോലും ഏര്‍പ്പെടുത്തുന്നത് ആദ്യമായിട്ടായിരുന്നു.

Deshabhimani 03-Oct-2012

No comments:

Post a Comment